ശബരിമലയിൽ വലിയ വീഴ്ചകളെന്ന് ഭരണാനുകൂല സംഘടന

പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തിന് ദിവസങ്ങൾ ബാക്കി ഇരിക്കെ വിവിധ വീഴ്ചകളും, അതുമൂലം ഉണ്ടാകുന്ന വലിയ ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും, ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകി. ബോർഡിന്‍റെ നിലവിലെ പല തീരുമാനങ്ങളും വിത്തെടുത്ത് കുത്തുന്നതിന് തുല്യമാണെന്നും, വരുമാന സ്രോതസുകൾ അടച്ചുകളയുന്ന ഇത്തരം നടപടികൾ സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ ആസൂത്രിത ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.കരാറുകാർ പമ്പയിൽ സാധനങ്ങൾ എത്തിച്ചാൽ മതിയെന്നും, പരിശോധനയ്ക്ക് ശേഷം ബോർഡ് സ്വന്തം ചെലവിൽ സന്നിധാനത്ത് എത്തിക്കുമെന്നുള്ള ഈ വർഷത്തെ തീരുമാനം അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കര ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും നീക്കത്തെയും സംഭരണത്തെയും സാരമായി ബാധിക്കുമെന്ന് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു. ട്രാക്ടറുകളുടെ ലഭ്യതക്കുറവ്, അധികച്ചെലവ്, വാഹനങ്ങളുടെ കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ് എന്നിവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇതിനുപുറമേ, 2025ലെ ലേലങ്ങളിൽ നിന്നും 28 ഓളം ഇനങ്ങൾ നിസാര കാരണങ്ങളുടെ പേരിൽ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ മാത്രം ബോർഡിന് പത്ത് കോടി രൂപയ്ക്കുമേൽ നഷ്ടം ഉണ്ടാകുമെന്നും പറഞ്ഞു .
ഉയർന്ന ലേലത്തുക ലഭിച്ചിരുന്ന ശൗചാലയ സമുച്ചയങ്ങൾ സൗജന്യമാക്കുന്നതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താതെ, വെർച്വൽ ക്യൂ ഫീസ് 10 രൂപയായി ഉയർത്താനുള്ള നീക്കം തീർഥാടകരുടെ മേൽ അധിക ബാധ്യത ഉണ്ടാക്കുമെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. ടോയ്‌ലറ്റ് ലേലത്തിലൂടെ മാത്രം മൂന്നു കോടിയിലധികം വരുമാനം ലഭിക്കുമ്പോൾ, ഫീസ് വർദ്ധിപ്പിച്ചാൽ ഈ തുകയുടെ അടുത്ത് പോലും എത്തില്ല. എരുമേലിയിലെ ലേലനടപടികളിലെ കാലതാമസവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആറു വർഷത്തോളം സർവീസ് ബാക്കിയുള്ള നിലവിലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച സ്വമേധയാ വിരമിക്കൽ അപേക്ഷയും പിന്നീട് അത് പിൻവലിച്ചതുമായ സാഹചര്യങ്ങളും ദുരൂഹമാണ് എന്നും ആരോപിക്കുന്നു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News