കേരളത്തെ ഞെട്ടിച്ച നെന്മാറ പ്രണയകഥ

കേരളക്കരയെ ഒന്നടങ്കം വിസ്മയത്തിലും, ഞെട്ടലിലും ആഴ്ത്തിയ സംഭവമായിരുന്നു പാലക്കാട് നെന്മാറയിലെ റഹ്മാൻ, സജിത പ്രണയകഥ. പതിറ്റാണ്ടിലേറെക്കാലം കാമുകിയെ സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ച ആ അപൂർവ്വ പ്രണയകാലം സിനിമയെ പോലും വെല്ലും.
പാലക്കാട് അയലൂർ സ്വദേശിനിയായ സജിതയെ 2010 ഫെബ്രുവരിയിലാണ് കാണാതാകുന്നത്. അന്ന് സജിതയ്ക്ക് 18 വയസ്സായിരുന്നു. അയൽവാസിയായ റഹ്മാന് 24 വയസും. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് വീടുവിട്ടിറങ്ങിയ സജിത ചെന്നുകയറിയത് വീട്ടിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയുള്ള റഹ്മാന്റെ വീട്ടിലേക്കാണ്. റഹ്മാനും മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്ന അതേ വീട്ടിലായിരുന്നു ഇവരുടെ അത്ഭുതപ്പെടുത്തുന്ന രഹസ്യജീവിതവും.
മുറി പുറത്തുനിന്ന് പൂട്ടിയും, ആരെയും അവിടേക്ക് പ്രവേശിപ്പിക്കാതെയും റഹ്മാൻ അതീവ ജാഗ്രത ആണ് പുലർത്തിയത്. പകൽ സമയങ്ങളിൽ മുറിക്കുള്ളിൽ തന്നെ കഴിയുന്ന സജിത, ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് സമയം ചെലവഴിച്ചിരുന്നത്. രാത്രിയിൽ ആളൊഴിഞ്ഞ സമയത്ത് മാത്രം പുറത്തിറങ്ങി ശുചിമുറി ഉപയോഗിക്കുകയും ചെയ്തു. തനിക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ പകുതിയും റഹ്മാൻ സജിതയ്ക്കായി മാറ്റിവെച്ചു. ചെറിയ അസുഖങ്ങൾ വരുമ്പോൾ ആവശ്യമായ മരുന്നുകളും റഹ്മാൻ എത്തിച്ചുകൊടുത്തു.
പതിനൊന്ന് വർഷത്തോളം നീണ്ട ഈ രഹസ്യജീവിതത്തിന് വിരാമമായത് 2021 മാർച്ചിലാണ്. കുടുംബവുമായുള്ള തർക്കത്തെ തുടർന്ന് റഹ്മാൻ വീടുവിട്ടിറങ്ങുകയും, സജിതയുമായി ചേർന്ന് വിത്തനശേരിയിൽ വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തുന്നത്. ജീവിച്ചിരിപ്പില്ലെന്ന് കരുതിയ സജിത റഹ്മാനോടൊപ്പം ഒപ്പമുണ്ടെന്ന് അറിഞ്ഞത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.
നിയമപരമായി പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം ഒന്നിച്ചുകൂടിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി. സജിതയ്ക്ക് തന്റെ ഇഷ്ടപ്രകാരം റഹ്മാനോടൊപ്പം പോകാൻ കോടതി അനുവാദം നൽകുകയും, തുടർന്ന് ഇരുവരും നിയമപരമായി വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.അങ്ങനെ സിനിമയെ പോലും വെല്ലുന്ന ജീവിതത്തിന് ശുഭപരമായ ക്ലൈമാക്സ്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News