സൗജന്യ ടിക്കറ്റുകൾ മറിച്ചു വിറ്റു, ഇന്ത്യ,വിൻഡീസ് ടി20 ടിക്കറ്റ് തട്ടിപ്പിൽ എച്ച്സിഎ ഭാരവാഹിയടക്കം 4 പേർ അറസ്റ്റില്‍.

ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20 മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സ.എ) ഭാരവാഹിയും ,മകനുമടക്കം നാല് പേർ അറസ്റ്റിൽ. രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി NOT FOR SALE എന്ന് രേഖപ്പെടുത്തിയ പതിനൊന്ന് പാസുകൾ ആണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. എച്ച്സിഎ അംഗമായ സതീഷ് ചന്ദ്ര ശ്രീവാസ്തവ, മകൻ ആകർഷിത് ശ്രീവാസ്തവ, അവിനാഷ് ദാരാക്, മോഹിത് സോമാനി എന്നിവരാണ് അറസ്റ്റിലായത്. ബെഗം ബസാറിലെ എസ്ഡി മാളിന് സമീപം അനധികൃതമായി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗോഷാമഹൽ പോലീസാണ് പരിശോധന നടത്തിയത്.അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വി. ജനാർദ്ദൻ നായിക്കിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിനാഷ്, മോഹിത് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ചോദ്യം ചെയ്യലിൽ, എച്ച്സിഎ അംഗമായ പിതാവ് വഴി കൈക്കലാക്കിയ പാസുകൾ ആകർഷിത് തങ്ങൾക്ക് നൽകിയതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം നൽകിയാണ് ഇവർ ടിക്കറ്റുകൾ മറിച്ചുവിറ്റത്. പവലിയന്‍റെ തരം അനുസരിച്ച് 3,500 രൂപ മുതൽ 6,000 രൂപ വരെയാണ് ഒരു പാസിന് ഈടാക്കിയിരുന്നത്. പ്രതികളിൽ നിന്ന് ക്രിക്കറ്റ് പാസുകൾക്ക് പുറമെ നവരാത്രി ദാണ്ടിയ ആഘോഷത്തിന്‍റെ 8 പാസുകളും, 5,000 രൂപയും, മൊബൈൽ ഫോണുകളും ഒരു സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.


